Agriculture
പുറ്റടി, കുമളി, ആനവിലാസം തോട്ടങ്ങളിലെ ഏലപ്പെരുമ ഹൈറേഞ്ചിലെ മറ്റിടങ്ങളിലേക്കും വ്യാപിക്കുകയാണ്. ഏലത്തിനു മികച്ച വില ലഭിക്കുന്നതിനാൽ, പരന്പരാഗത കാപ്പിത്തോട്ടങ്ങൾ പലതും ഏലത്തോട്ടങ്ങളായി മാറി.
തോപ്രാംകുടി ഉദയഗിരിയിലെ കാറ്റിനുപോലും ഇപ്പോൾ ഏലത്തിന്റെ സുഗന്ധമാണ്. പച്ച ഏലയ്ക്കാ സംഭരണ കേന്ദ്രങ്ങൾ ധാരാളമുണ്ടായിരുന്ന ഉദയഗിരിയിൽ ഇപ്പോൾ കായ ഉണക്കുന്നതിനുള്ള ഡ്രയറുകളും സോർട്ടിംഗ് കേന്ദ്രങ്ങളും സുലഭമാണ്. ഉദയഗിരിയിലെ ഏലസുഗന്ധത്തിലൂടെ ഒരു യാത്ര.
കാപ്പിയിൽനിന്ന് ഏലത്തിലേക്ക്
ഉദയഗിരി, മേരിഗിരി സ്വദേശിയായ നിഖിൽ കെ. ജോയി എന്ന ചെറുപ്പക്കാരൻ ആറു വർഷമായി ഏലക്കൃഷി ചെയ്തുവരുന്നു. നേരത്തേ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന നിഖിൽ, ഏലത്തിനു മികച്ച വില ലഭിക്കാൻ തുടങ്ങിയതോടെയാണ് ഈ കൃഷിയിലേക്കു തിരിഞ്ഞത്.
നിലവിൽ 16 ഏക്കർ സ്ഥലത്ത് ഏലക്കൃഷി നടത്തുന്നുണ്ട്. കണിപറന്പൻ, ഞള്ളാനി, 9 ബോൾട്ട് ഏലം വെറൈറ്റിയാണ് തോട്ടത്തിൽ കൃഷി ചെയ്തിരിക്കുന്നത്. ഇതിൽ കണിപറന്പനാണ് കൂടുതലായി കൃഷി ചെയ്തിരിക്കുന്നത്.
ഉദയഗിരിയിലെ കാലാവസ്ഥയിൽ കണിപറന്പൻ വെറൈറ്റിക്ക് ഉത്പാദനക്ഷമത കൂടുതലുള്ളതിനാലാണ് ഇത്. 15 വർഷം മുന്‍പ് മറ്റൊരു കർഷകനിൽനിന്നു ശേഖരിച്ച ചിന്പിൽനിന്നാണ് ഇപ്പോൾ കൃഷിക്കുള്ള ചിന്പ് ഉപയോഗിക്കുന്നത്.
കണിപറന്പന്റെ ഒന്നിൽ കൂടുതൽ വെറൈറ്റികൾ നിലവിൽ തോട്ടത്തിൽ ഉണ്ട്. ഞള്ളാനിയുടെ പല കാലാവസ്ഥയിൽ വളരുന്ന വെറൈറ്റികളുണ്ട്. നമ്മുടെ തോട്ടത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഏലം ഏതെന്നു തിരിച്ചറിഞ്ഞാണ് കൃഷിക്കായി തെരഞ്ഞെടുക്കുന്നതെന്ന് നിഖിൽ പറഞ്ഞു.
തോട്ടത്തിൽ കാപ്പിയും കുരുമുളകുമാണ് ആദ്യകൃഷി ചെയ്തിരുന്നത്. കാപ്പി, കുരുമുളക് കൃഷിയിൽനിന്ന് വർഷത്തിൽ ഒരു തവണ മാത്രമാണ് വിളവ് ലഭിക്കുന്നത്. കാപ്പിക്കുരുവിന് വില കുറഞ്ഞതും കുരുമുളക് ചെടിയിൽ രോഗം വന്നതുമാണ് ഏലത്തിലേക്കു തിരിയാൻ കാരണം.
ജൂണിൽ തൈ നടും
ജൂണ്‍ മാസത്തിലാണ് ഏലം നടുന്നത്. രണ്ടടി ആഴത്തിൽ ഒരു അടി വലുപ്പത്തിൽ കുഴിയെടുത്ത് തടം എടുക്കണം. ചാണകപ്പൊടിയും ജൈവവളവും ഇട്ട് ചിന്പ് വയ്ക്കും. മൂത്തുപാകമായ രണ്ടു മുളയുള്ള ചിന്പാണ് നടുന്നത്. പത്തടി അകലത്തിലാണ് തടം എടുക്കുന്നത്.
ചിന്‍പിന്റെ വേരുമാത്രമാണ് മൂടുന്നത്. ഇതിനു മുകളിൽ കരികിലയും ചപ്പും ഇട്ടുകൊടുക്കും. ചിമ്പ് താങ്ങുകാലിൽ കെട്ടിവയ്ക്കും. 15 ദിവസം കഴിയുന്പോൾ ഫംഗിസൈഡ് കലക്കി ഒഴിക്കും. ഇതിനുശേഷം വളപ്രയോഗം ആരംഭിക്കും. കാത്സ്യം പോലെയുള്ള സൂക്ഷ്മമൂലകങ്ങൾ നൽകും.
ചെടിയുടെ വളർച്ച നിരീക്ഷിച്ചാണ് സൂക്ഷ്മമൂലകങ്ങളുടെ കുറവ് കണ്ടെത്തുന്നത്. നട്ട ചിന്പിൽനിന്ന് പുതിയ ചിന്പ് ഒരടി ഉയരത്തിൽ എത്തുന്പോൾ, ആദ്യത്തെ രാസവള പ്രയോഗം നടത്തും. ജൈവവളവും ധാന്യങ്ങളുടെ പൊടിയും കുമിക്കും ചേർത്താണ് രാസവളങ്ങൾ ചെടിക്ക് നൽകുന്നത്.
ചെടി ആറുമാസം പ്രായമാകുമ്പോൾ, ചെടിക്കുണ്ടാകുന്ന ബാക്ടീരിയ, ഫംഗസ്, പ്രാണികളുടെ ആക്രമണം എന്നിവ തടയുന്നതിനായി മരുന്നു സ്പ്രേ ചെയ്തു കൊടുക്കും. വേനൽക്കാലമാകുന്പോൾ ജനുവരി മുതൽ മാർച്ച് വരെ തോട്ടം നനയ്ക്കും.
സ്പ്രിംഗളറും മിസ്റ്റും വച്ചാണ് നനയ്ക്കുന്നത്. ഇതിനുള്ള കിണറുകളും കുളങ്ങളും തോട്ടത്തിൽ രണ്ട്.
ആറുതവണ കായ എടുക്കും
ഏലച്ചെടിക്ക് രണ്ടു വർഷം പ്രായമാകുമ്പോൾ കായ ഉണ്ടാകുന്നതിനുള്ള ശരം പെട്ടാൻ തുടങ്ങും. അന്തരീക്ഷ ഊഷ്മാവ് 21 ഡിഗ്രി സെൽഷസിലേക്ക് എത്തുന്പോഴാണ് ചെടിയിൽ കായ പിടിക്കാൻ തുടങ്ങുന്നത്. ഈ സമയത്ത് ചെടി കവാത്ത് ചെയ്ത് (ഉണങ്ങിയ ഇലകൾ വെട്ടിമാറ്റി) ഒരുക്കി നിർത്തും.
ആറു തവണയാണു ചെടിയിൽനിന്ന് കാ എടുക്കുന്നത്. ജൂണ്‍ മാസത്തിലാണ് ആദ്യ കായ എടുക്കുന്നത്. ഓരോ കായ എടുപ്പിനുശേഷവും ഫംഗിസൈഡുകളും ബോർഡോ മിശ്രിതവും പ്രയോഗിക്കും. എൻപികെ വളങ്ങളും ജൈവവളവും ചെടിക്കു നൽകും. സൂക്ഷ്മമൂലകങ്ങൾ ഫോളിയാർ രീതിയിൽ ചെടിക്ക് നൽകും.
ഒരു ചിന്പിൽനിന്നു രണ്ടു ശരമാണ് ഉണ്ടാകുന്നത്. നല്ലതുപോലെ പരിപാലിക്കുന്ന ചെടിയിൽ നൂറു മുതൽ നൂറ്റന്പതു ചിന്പുകൾവരെ ഉണ്ടായിരിക്കും. ഒരു ശരത്തിൽ 20 മുതൽ 28 വരെ കൊത്ത് കാണും. ഒരു കൊത്തിൽ 24 മുതൽ 30 വരെ കായ് പിടിക്കും.
കൃത്യമായ പരാഗണവും പരിചരണവുമുണ്ടെങ്കിൽ കൊത്തിൽനിന്ന് ഭൂരിഭാഗം കായും ലഭിക്കും. ഒരു ചെടിയിൽനിന്ന് ആറുകിലോ പച്ചക്കായ വരെ ലഭിക്കും. വിളവെടുക്കുന്ന കായ സ്റ്റോറിൽ കൊടുത്ത് ഉണക്കി സൂക്ഷിക്കും. മാർക്കറ്റിലെ വില നോക്കി ലേല സെന്ററിൽ എത്തിച്ചാണ് ഏലക്ക വില്‍ക്കുന്നത്.
ഏലത്തോട്ടത്തിൽ 40 ശതമാനം ഷെയ്ഡ് വേണം. പ്ലാവാണ് തോട്ടത്തിൽ തണൽ മരമായി ഉള്ളത്. ഏലത്തോട്ടത്തിൽ ഇടവിളയായി കുരുമുളക് കൃഷിയുണ്ട്. രണ്ടേക്കർ സ്ഥലത്തു കാപ്പി കൃഷി ചെയ്യുന്നു. നിഖിലിനൊപ്പം അഞ്ച് അന്യസംസ്ഥാന തൊഴിലാളികൾ സ്ഥിരമായി പണിക്കുണ്ട്.
രോഗങ്ങൾ
രണ്ടു വർഷംകൊണ്ട് ആദായം ലഭിക്കുന്ന വിളയാണ് ഏലച്ചെടി. അതിനാൽതന്നെ രോഗബാധ ഇതിനു കൂടുതലാണ്. ഫംഗസ് രോഗമാണ് ചെടിക്ക് കൂടുതലായി ഉണ്ടാകുന്നത്. ഫംഗിസൈഡുകളും കീടനാശിനികളുമാണ് പ്രതിവിധിയായി പ്രയോഗിക്കുന്നത്.
വായുവിലൂടെ പകരുന്ന മൊസൈക്ക് രോഗത്തിനു മരുന്നില്ല. മൂലകങ്ങൾ വലിച്ചെടുക്കാനുള്ള ചെടിയുടെ ശേഷി നഷ്ടപ്പെടുകയും നശിച്ചു പോവുകയും ചെയ്യും. ഫിസേറിയം എന്ന ഫംഗസ് രോഗം പൂർണമായി നിയന്ത്രിക്കുന്നതിനുള്ള മരുന്നു കണ്ടുപിടിച്ചിട്ടില്ല.
കീടങ്ങളുടെ ആക്രമണവും ചെടിക്ക് ഉണ്ടാകാറുണ്ട്.
സ്പൈസസ് ബോർഡിന്റെ സഹായം
പട്ടയമുള്ള സ്ഥലത്തെ ഏലം കർഷകർക്ക് സ്പൈസസ് ബോർഡിൽനിന്നു ജലസേചനത്തിനുള്ള സൗകര്യവും പുതിയ ചെടി നടുന്നതിനുള്ള സഹായവും കാലാവസ്ഥ മൂലമുള്ള കൃഷി നാശത്തിനുള്ള സഹായവും ലഭിക്കുന്നുണ്ട്. കൃഷി വകുപ്പിൽനിന്ന് ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്.
പട്ടയമില്ലാത്ത സ്ഥലത്തു കൃഷി നടത്തുന്നവർക്ക് ഒരു സഹായവും സർക്കാർ ഭാഗത്തുനിന്നു ലഭിക്കുന്നില്ല. ഏലക്കർഷകർ വാങ്ങുന്ന ഫംഗിസൈഡുകൾക്കും പെസ്റ്റിസൈഡുകൾക്കും ഉയർന്ന ജിഎസ്ടിയാണ് ഉള്ളത്.
ഇതു കുറയ്ക്കുന്നതിനുള്ള നടപടി കേന്ദ്രസർക്കാർ സ്വീകരിക്കണം. നിലവിൽ ഏലത്തിനു മികച്ച വിലയാണു ലഭിക്കുന്നത്. കിലോയ്ക്കു രണ്ടായിരം രൂപയ്ക്കു മുകളിൽ ലഭിക്കുന്പോൾ കൃഷി ലാഭമാണ്. കിലോയ്ക്കു രണ്ടായിരം രൂപ താങ്ങുവില നൽകുകയാണെങ്കിൽ കൂടുതൽ കർഷകർ ഈ മേഖലയിലേക്ക് വരുമെന്നും നിഖിൽ പറഞ്ഞു.
അഞ്ചര കിലോയ്ക്ക് ഒരു കിലോ
750 കിലോഗ്രാം പച്ചക്കായ ഉണങ്ങാൻ ശേഷിയുള്ള രണ്ട് ഡ്രയറുകളാണ് നിലവിൽ സ്റ്റോറിൽ ഉള്ളത്. 1,500 കിലോ ഉണക്കാൻ സാധിക്കും. ചില ദിവസങ്ങളിൽ മൂവായിരം കിലോയോളം പച്ചക്കായ സ്റ്റോറിൽ എത്തിയിരുന്നു. ഇത്തരം സാഹചര്യത്തിൽ രണ്ടു ദിവസം കൊണ്ടാണ് ഉണക്കിയത്.
17 മണിക്കൂർ ആണ് കായ ഉണങ്ങുന്നതിനു വേണ്ട സമയം. നല്ല കായാണെങ്കിൽ 15 മണിക്കൂർകൊണ്ട് ഉണങ്ങും. മൂക്കാത്ത കായാണെങ്കിൽ 17 മണിക്കൂറിൽ കൂടുതൽ സമയം വേണ്ടിവരുമെന്നു ബെന്നി പറഞ്ഞു. അഞ്ചു മുതൽ ആറു കിലോ പച്ചക്കായ ഉണങ്ങിയാലേ ഒരു കിലോ ഉണക്ക ഏലയ്ക്കാ ലഭിക്കുകയുള്ളൂ. മഴ മാറിയാൽ അഞ്ചരക്കിലോ പച്ചക്കായ്ക്ക് ഒരു കിലോ ഉണക്കക്കായ ലഭിക്കും.
ആദ്യം കുറഞ്ഞ ചൂടിലാണ് (48 ഡിഗ്രി സെൽഷ്യസ്) കായ് ഉണക്കാൻ ഇടുന്നത്. വെള്ളം വലിഞ്ഞശേഷം രണ്ടു മണിക്കൂർ കൂടുന്പോൾ താപനില കൂട്ടി 70 ഡിഗ്രി സെൽഷ്യസ് വരെ എത്തിച്ച് ഉണക്കും.
ഇത്തരത്തിൽ ഉണങ്ങുമ്പോഴാണ് കായ്ക്ക് മികച്ച കളർ ലഭിക്കുന്നത്. ഉണങ്ങിയശേഷം കാ പോളിഷ് ചെയ്താണ് കർഷകർക്ക് തിരിച്ചു നൽകുന്നത്. ഒരു കിലോ കായ്ക്ക് 11 രൂപയാണ് ഉണങ്ങുന്നതിന് കർഷകരിൽനിന്ന് ഈടാക്കുന്നത്.
ഇലക്ട്രിക്കൽ ഡ്രയറുകൾ വരുന്നതിനു മുന്‍പ് വിറകിൽ പ്രവർത്തിക്കുന്ന ഡ്രയറുകളാണ് ഉണ്ടായിരുന്നത്. തീ കൂടിപ്പോയാൽ കായ്കൾ കരിഞ്ഞുപോകുന്നതിനുള്ള സാധ്യത ഇത്തരം ഡ്രയറുകളിൽ ഉണ്ടായിരുന്നു. ഇലക്ട്രിക് ഡ്രയറുകൾ ഹീറ്റ് പമ്പ് ഡ്രയറുകളാണ്.
മോയിസ്റ്റർ കണ്ട്രോളർ സംവിധാനവും ഡ്രയറിൽ ഉണ്ട്. വൈദ്യുതി പോകുന്പോൾ ഡ്രയറുകൾ പ്രവർത്തിപ്പിക്കാൻ ജനറേറ്റർ സംവിധാനവും ഒരുക്കിയിട്ടുണ്ട്. നേരത്തെ കർഷകർ പച്ചക്കായ ആയിത്തന്നെ വില്പന നടത്തിയിരുന്നു.
ഉണക്കക്കായ്ക്ക് കൂടുതൽ വില ലഭിക്കുന്നതിനാൽ ഇപ്പോൾ കർഷകർ കാ സ്റ്റോറിൽ എത്തിച്ച് ഉണക്കിയാണ് വില്‍ക്കുന്നത്.
ഏലയ്ക്ക ആദ്യമെത്തുന്നത് സ്റ്റോറിൽ
തോട്ടത്തിൽനിന്നു പറിക്കുന്ന ഏലയ്ക്കാ ആദ്യം സ്റ്റോറുകളിലാണ് എത്തുന്നത്. പച്ച ഏലയ്ക്കാ ഉണക്കി ഗുണനിലവാരമുള്ള കായാക്കി മാറ്റുന്നത് സ്റ്റോറുകളിലാണ്. സ്റ്റോറുകളിൽ ഏലക്കാ കഴുകി വൃത്തിയാക്കി ഉണക്കുന്നു. ദീർഘനാളത്തേക്കു കേടുകൂടാതെ സൂക്ഷിക്കുന്നതിനാണ് ഉണക്കുന്നത്.
ഉദയഗിരിയിൽ ഏലക്ക സ്റ്റോർ നടത്തുന്ന ബെന്നി പുതുപ്പറന്പിൽ സ്റ്റോറിലെ പ്രവർത്തനത്തെക്കുറിച്ച് കർഷകനോട് വിശദീകരിക്കുന്നു. സ്റ്റോറിൽ കൃഷിക്കാരൻ എത്തിക്കുന്ന പച്ച ഏലക്കായ തൂക്കി സ്ലിപ്പ് അവർക്കു കൊടുത്തുവിടുന്നു.
പല കൃഷിക്കാരുടെയും പല ഗുണനിലവാരത്തിലുള്ള കായ് ആണ് വരുന്നത്. അതിനാൽ, തൂക്കുന്നതും ഉണക്കുന്നതും പ്രത്യേകമായാണ്. ആദ്യം കൊണ്ടുവരുന്ന കായ് കഴുകി വൃത്തിയാക്കും. തോട്ടത്തിൽനിന്നു കൊണ്ടുവരുന്ന കായിൽ ചെളിയും മണ്ണും കാണും.
സോഡിയം കാർബണേറ്റ് (സോഡാക്കാരം) ഉപയോഗിച്ചാണ് കായ് കഴുകുന്നത്. ഏലയ്ക്കായ ഗുണനിലവാരത്തിൽ മാർക്കറ്റ് വില അനുസരിച്ച് വിൽക്കുന്നതിനും സൂക്ഷിച്ചു വയ്ക്കുന്നതിനുംവേണ്ടിയാണു സ്റ്റോറുകളിൽ കൊണ്ടുവന്ന് ഉണക്കി സൂക്ഷിക്കുന്നത്.
District News
സതീഷ് കുമാര്‍
പുല്ലാട്: ഗ്രോബാഗ് പച്ചക്കറി കൃഷിയില്‍ സുമിത പ്രസാദിനു വിജയഗാഥ. അടുക്കളത്തോട്ടം മുറ്റത്തേക്കു മാറ്റിയപ്പോള്‍ കാബേജ്, കോളിഫ്ളവര്‍, തക്കാളി, പച്ചമുളക്, കോവല്‍ , പയര്‍, വെണ്ടക്ക, വഴുതനങ്ങ തുടങ്ങിയവയെല്ലാം ആവശ്യംപോലെ വിളവെടുത്തു വരികയാണ്. പുല്ലാട് കൃഷ്ണപ്രസാദത്തില്‍ സുമിത പ്രസാദ് കഴിഞ്ഞ 10 വര്‍ഷത്തോളമായി വിവിധയിനം കൃഷിരീതികള്‍ പരീക്ഷിച്ചുവരികയാണ്. ഇക്കാലയളവില്‍ സ്വന്തം വീട്ടാവശ്യത്തിനും അയല്വാസികള്ക്കുമൊക്കെ ആവശ്യമായ പച്ചക്കറി പൂര്‍ണമായി ഉത്പാദിപ്പിക്കുന്നുണ്ട്.
പത്തനംതിട്ട എല്‍ഐസിയുടെ എംഡിആര്‍ടി മെംബര്‍കൂടിയായ സുമിത തന്റെ കൃഷിയിടത്തില്‍ നിന്നും ലഭിക്കുന്ന ഉത്പന്നങ്ങള്‍ സൗജന്യമായിട്ടാണ് ആവശ്യക്കാര്‍ക്കു നല്‍കുന്നത്. പച്ചക്കറി കൂടാതെ കപ്പ, വാഴ, ചേമ്പ്, ചേമ്പ് തുടങ്ങിയവയും വീടിനോടു ചേര്‍ന്ന സ്ഥലത്ത് കൃഷി ചെയ്യുന്നു. ഭര്‍ത്താവ് പ്രസാദ് കുമാര്‍ വിദേശത്താണ്. ചെന്നൈയില്‍ എന്‍ജിനീയറായി ജോലി ചെയ്യുയാണ് മകള്‍ അനഘ പ്രസാദ്. വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ മകന് അര്ജുന് പി. നായരാണ് അമ്മയെ കൃഷിയില്‍ സഹായിക്കാനുള്ളത്.
ജൈവപച്ചക്കറി കൃഷി ഉത്പാദനമാണ് ലക്ഷ്യം. ഗ്രോബാഗിലാകുമ്പോള് കീടങ്ങളുടെ ശല്യത്തെ വേഗത്തില്‍ പ്രതിരോധിക്കാനാകുമെന്ന് സുമിത പറഞ്ഞു. എന്നിരുന്നാലും പ്രത്യേക ശ്രദ്ധ എല്ലാദിവസവും നല്‍കിയേ മതിയാകൂ. വളവും വെള്ളവും കൃത്യമായി നല്‍കണം. വീട്ടമ്മമാരെ സംബന്ധിച്ച് ഇത്തരം പച്ചക്കറി കൃഷികള്‍ തുടങ്ങുന്നത് ആരോഗ്യദായകവും മാനസികോല്ലാസം പകരുന്നതുമാണെന്നതിലും സുമിതയ്ക്കു സംശയമില്ല.
Agriculture
തോട്ടത്തില്‍ വിളഞ്ഞു കിടക്കുന്ന പൈനാപ്പിള്‍ പൊട്ടിച്ചെടുത്ത് മുള്ളു കളഞ്ഞ് കഷണങ്ങളാക്കി നല്കിയപ്പോള് അമേരിക്കന്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളുടെ മുഖത്ത് ചിരി പടര്‍ന്നു. രുചിച്ചു നോക്കി അവര്‍ ഒന്നടങ്കം പറഞ്ഞു - ' വൗ സൂപ്പര്‍ '.
പൈനാപ്പിള്‍ കൃഷിയെ അടുത്തറിയാനായി അമേരിക്കയിലെ അല്‍വ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള കാര്‍ഷിക വിദ്യാര്‍ഥികളാണ് കഴിഞ്ഞ ദിവസം പൈനാപ്പിള്‍ ഗ്രാമമായ എറണാകുളം വാഴക്കുളത്ത് എത്തിയത്.
പൈനാപ്പിള്‍ കൃഷി പഠിക്കാനായി യൂണിവേഴ്സിറ്റി അധ്യാപകരായ അജയ് നായര്‍, കാതറീന് സുവോട എന്നിവരുടെ നേതൃത്വത്തിലാണ് പത്തോളം വിദ്യാര്‍ഥികള്‍ കൃഷിയിടം സന്ദര്‍ശിച്ചത്.
മുള്ളുകൊണ്ടാലും മധുരം ഓര്‍ക്കും
കേരളത്തിലെ പരമ്പരാഗതമായ കൃഷി മുറകള്‍ മനസിലാക്കുക എന്ന ലക്ഷ്യമായിരുന്നു സംഘത്തിന്റേത്. ഭൗമ സൂചികാ പദവി ലഭിച്ച് തങ്ങളുടെ നാട്ടില്‍ പോലും പേരും പെരുമയുമുള്ള പൈനാപ്പിള്‍ പഴത്തെ അവ വിളയുന്ന മണ്ണില്‍ നേരിട്ടു കണ്ട വിദ്യാര്‍ഥികളുടെ മുഖത്ത് ശിശുസഹജമായ കൗതുകവും ആനന്ദവും നിറഞ്ഞു.
പൈനാപ്പിള്‍ ചെടി നടുന്നതു മുതല്‍ വളപ്രയോഗം, കള നീക്കം ചെയ്യല്‍, ജലസേചന സംവിധാനം, വളര്‍ച്ചാ ഘട്ടങ്ങള്‍ തുടങ്ങി വിളവെടുപ്പു വരെയുള്ള കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ നേരില്‍ കണ്ട് പരിശീലനം നേടി.
വാഴക്കുളത്തെ ഓള് കേരള പൈനാപ്പിള്‍ ഫാര്‍മേഴ്സ് അസോസിയേഷന് പ്രസിഡന്റ് ജയിംസ് തോട്ടുമാരിയുമായി ബന്ധപ്പെട്ടാണ് യൂണിവേഴ്സിറ്റി അധികൃതര്‍ തോട്ട സന്ദര്‍ശനം തീരുമാനിച്ചത്. പഴുത്തു പാകമായി വിളവെടുപ്പിനു തയാറായ തോട്ടം കാണുകയായിരുന്നു ലക്ഷ്യം.
അസോസിയേഷനില്‍ നിന്ന് അറിയിച്ചതനുസരിച്ച് വാഴക്കുളം മന്ന പൈനാപ്പിളിന്റെ ഉടമസ്ഥതയില്‍ കല്ലൂര്‍ക്കാട് കാവക്കാടുള്ള നാല് ഏക്കര്‍ വരുന്ന കൃഷിയിടത്തിലേക്കാണ് ഇവര്‍ പഠനയാത്ര നടത്തിയത്. കൃഷി പ്രോല്‍സാഹനത്തിനുള്ള സര്‍ക്കാര്‍ പിന്തുണ സംബന്ധിച്ചും അവര്‍ അന്വേഷിച്ചറിഞ്ഞു.
വിവിധ പ്രായത്തിലുള്ള തോട്ടങ്ങളുടെ വിശദാംശങ്ങളും കര്‍ഷകരില്‍ നിന്ന് സംഘം മനസിലാക്കി. കല്ലൂര്‍ക്കാട് പഞ്ചായത്തംഗം ഷിവാഗോ തോമസ്, കൃഷിത്തോട്ടം ഉടമകളായ സിബി ജോര്‍ജ്, ഗ്രീന്‍ വിന്‍സെന്റ്, കൃഷി അസിസ്റ്റന്റ് ഓഫീസര്‍ ബിന്‍സി ജോണ്‍ എന്നിവര്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ക്ക് പൈനാപ്പിള്‍ കൃഷിപാഠം പകര്‍ന്നു നല്കി.
Agriculture
രാമപുരം സേക്രട്ട് ഹാർട്ട് എൽപി സ്കൂളിന്റെ മുറ്റത്തെത്തിയാൽ നമ്മെ ആദ്യം സ്വാഗതം ചെയ്യുന്നതു കുട്ടികളും അധ്യാപകരുമല്ല. വിളഞ്ഞു പാകമായി നിൽക്കുന്ന വള്ളിപ്പയറും വെണ്ടയും ചുവന്നു തുടുത്തു നിൽക്കുന്ന തക്കാളിപ്പഴവും കോവലും കപ്പയും ഇഞ്ചിയും മഞ്ഞളും ചീരയുമെല്ലാമാണ്.
രാമപുരത്തു വാര്യരുടെ വഞ്ചിപ്പാട്ടിന്റെ ഈണത്തിനൊപ്പവും ലളിതാംബിക അന്തർജനത്തിന്റെ കഥകൾക്കൊപ്പവും സഞ്ചരിക്കുന്ന ഇവിടുത്തെ വിദ്യാർഥികളുടെ മറ്റൊരു പാഠശാല കൃഷിയിടവുമാണ്.
ക്ലാസ് മുറിയും കളിക്കളവും കഴിഞ്ഞാൽ സ്കൂളിലെ കുട്ടികൾക്ക് കൃഷിയിടമാണ് ഇഷ്ടം. ഇവിടുത്തെ കുട്ടിക്കർഷകർക്കു പരിപാലിക്കാൻ വിഷരഹിത പച്ചക്കറികളും ഔഷധസസ്യങ്ങളും മാത്രമല്ല കുളത്തിൽ നിറയെ മീനുകളുമുണ്ട്.
ഒന്നും രണ്ടുമല്ല 58 ഇനം പച്ചക്കറികളാണ് രാമപുരം സ്കൂളിന്റെ അങ്കണത്തിൽ കൃഷി ചെയ്യുന്നത്. പാകമായ പയറും പാവലും തക്കാളിയും വെണ്ടയും കോവലും മാത്രമല്ല കണ്ണിനു കുളിർമയേകുന്നത്. നെല്ല്, കപ്പ, ചോളം, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവയുടെയൊക്കെ നൂറുമേനി വിളവും ആരെയും ആകർഷിക്കും.
വെട്ടുകത്തിപ്പയർ, നിത്യവഴുതന, വഴുതന, കുമ്പളം, മത്തൻ, തുവരപ്പയർ, വെള്ളരി, പടവലം, ചീനി, കോവൽ, ബീൻസ്, പാവൽ, കാപ്സിക്കം, ഉജ്ജ്വല മുളക്, ചൊരയ്ക്ക, മുരിങ്ങ, കാബേജ്, ബ്രൊക്കാളി, കോളിഫ്ളവർ, പീച്ചിൽ തുടങ്ങിയ പച്ചക്കറികളും ചീരയിനങ്ങളായ ചുവന്ന ചീര, പച്ചച്ചീര, ഓസ്ട്രേലിയൻ ചീര, പൊന്നാങ്കണ്ണി ചീര, ശ്രീലങ്കൻ മല്ലി, അഗത്തി ചീര, ലെത്യൂസ് എന്നിവയും ഇവിടെ കൃഷി ചെയ്യുന്നു.
പച്ചക്കറികളിൽ മാത്രമൊതുങ്ങുന്നതല്ല ഇവിടുത്തെ കൃഷി. സുഗന്ധവ്യജ്ഞനങ്ങളും കിഴങ്ങുവർഗങ്ങളും പഴവർഗങ്ങളുമുണ്ട്. കുരുമുളുക്, വാനില, ഏലം, ഇഞ്ചി, മഞ്ഞൾ എന്നിവയ്ക്കൊപ്പം കപ്പ, ചേന, ചേന്പ്, കാച്ചിൽ, മധുരക്കിഴങ്ങ്, കൂർക്ക, കാരറ്റ്, ബീറ്റ്റൂട്ട്, ചെറുകിഴങ്ങ് എന്നിവയും ഇവിടെ നൂറുമേനി വിളവാണ് നൽകുന്നത്.
പപ്പായ, ഡ്രാഗണ്‍ ഫ്രൂട്ട്, റന്പുട്ടാൻ, റോബസ്റ്റ, ഏത്തവാഴ, ഞാലിപ്പൂവൻ, ചുണ്ടില്ലാൻ, കൈതച്ചക്ക, ആകാശ വെള്ളരി, ഫാഷൻ ഫ്രൂട്ട്, മുന്തിരി, മാവ്, നെല്ലി, ഞാവൽ, ചെറുനാരകം, മങ്കോസ്റ്റിൻ, പേര എന്നിവയിൽ നിറയെ പഴങ്ങളാണുള്ളത്. സ്കൂളിലെ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്നതിനായി നെൽകൃഷിയുമുണ്ട്. ചോളവും കരിന്പും തൊട്ടടുത്ത് കണ്ടത്തിൽ വിളയുന്നു.
ഒൗഷധ സസ്യങ്ങൾ പരിചയപ്പെടാനും അതു പരിപാലിക്കുന്നതിനും വേണ്ടിയാണ് പച്ചക്കറിത്തോട്ടത്തോടൊപ്പം ഔഷധസസ്യ തോട്ടവും ഉണ്ടാക്കിയത്. റോസ്മേരി, വിഷപ്പച്ച, രാമതുളസി, കിലുക്കി, പുതിന, കീരീയാത്ത്, മഞ്ഞറൊട്ടി, മൂവില, കാട്ടുപിച്ചകം, വയമ്പ്, ബ്രഹ്മി, നാഗവെറ്റില, ചതുരമുല്ല, കരിങ്കുറിഞ്ഞി, മധുര തുളസി, അണലിവേഗൻ റെഡ്, ചക്കരകൊല്ലി, കായാന്പു, ഗരുഡകൊടി, സർപ്പഗന്ധി, നീലാംബരി, ചുട്ടിതിരുതാളി തുടങ്ങി മുപ്പതോളം ഔഷധസസ്യങ്ങളാണ് ഇവിടെ കുട്ടികൾ പരിപാലിക്കുന്നത്.
കുട്ടികൾക്ക് വിഷരഹിതമായ പച്ചക്കറി നൽകാൻ ആരംഭിച്ച ചെറിയ കൃഷി ഓരോ വർഷവും മികച്ചതാക്കാൻ അധ്യാപകരും രക്ഷകർത്താക്കളും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പച്ചക്കറി, പഴവർഗ വിളവ് സ്കൂളിലെ ഉച്ചഭക്ഷണത്തിനാണ് പ്രധാനമായി ഉപയോഗിക്കുന്നത്. ബാക്കിയുള്ളവ വിൽക്കും.
ചെറുപ്രായത്തിൽ തന്നെ കൃഷി വിജ്ഞാനം കുട്ടികളിൽ ഉണ്ടാക്കാനും കാർഷിക സംസ്കാരം വളർത്താനുമാണ് മാനേജ്മെന്റിന്റെയും അധ്യാപകരുടെയും നേതൃത്വത്തിൽ പദ്ധതി തയറാക്കിയത്. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസാ മാത്യു, അധ്യാപകരായ ജിബിൻ ജിജി, ജോബി ജോസഫ്, സാനിയ ജയിംസ് എന്നിവരാണ് സ്കൂളിലെ ഹരിതപാഠശാലയ്ക്കു നേതൃത്വം നൽകുന്നത്.
പിടിഎ പ്രസിഡന്റ് ദീപു സുരേന്ദ്രന്റെ നേതൃത്വത്തിൽ പിടിഎ കമ്മിറ്റിയംഗങ്ങളും കുട്ടികൾക്കു പ്രോത്സഹാനം നൽകുന്നു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ കഴിഞ്ഞ ദിവസം സ്കൂളിലെത്തി കൃഷി വിലയിരുത്തുകയും കാർഷിക സംസ്കാരം വളർത്തുന്നതിന് ഇത്തരം സംരംഭങ്ങൾ അനിവാര്യമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
എംപിമാരായ ജോസ് കെ. മാണിയും ഫ്രാൻസിസ് ജോർജും മാണി. സി. കാപ്പൻ എംഎൽഎയും ഇവിടം സന്ദർശിച്ച് അഭിനന്ദനം അറിയിച്ചിരുന്നു.
ചിത്രം: അനൂപ് ടോം
Agriculture
കരിണ്ണൂർ സ്വദേശി ജെഫിൻ കെ. അഗസ്റ്റിന് കൃഷി ഒരു പാഷനാണ്. കൃഷിയെ സ്നേഹിച്ചാൽ കൃഷി ലാഭകരമാകുമെന്ന അഭിപ്രായക്കാരനാണ് ഈ യുവാവ്. എട്ടേക്കറോളം സ്ഥലത്തു നേന്ത്രവാഴയും കപ്പയും കൃഷി ചെയ്യുന്നു.
ഇലക്ട്രിക്കൽ-കണ്‍സ്ട്രക്ഷൻ മേഖലയിൽ പ്രവർത്തിച്ചിരുന്ന ജെഫിൻ ഇപ്പോൾ മുഴുവൻസമയ കർഷകനാണ്. കൃഷിയിൽനിന്ന് മനസംതൃപ്തി ലഭിക്കുമെന്ന പക്ഷക്കാരനാണിയാൾ. സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്ത ഭൂമിയിലുമായാണ് കൃഷി.
കപ്പയും വാഴയും ലാഭം
നാലേക്കറോളം സ്ഥലം പാട്ടത്തിനെടുത്താണ് ജെഫിൻ നേന്ത്രവാഴക്കൃഷി ചെയ്യുന്നത്. കണ്ടത്തിൽ കാന കീറിയാണ് വാഴ നട്ടിരിക്കുന്നത്. വാഴക്കുലകളുടെ വിളവെടുപ്പ് നടന്നുവരുന്നു. വാഴയും കപ്പയും കൂടാതെ ഇഞ്ചി, ചേന, ചേന്പ്, കാച്ചിൽ, ചെറുകിഴങ്ങ്, വെള്ളരി, കുക്കുംബർ, പയർ എന്നിവ കൃഷി ചെയ്യുന്നു.
ചേനക്കൂമ്പലിനു മുകളിലും പത്തു സെന്റ് സ്ഥലത്തു മാത്രമായും ചെറുകിഴങ്ങ് കൃഷിയുണ്ട്. ഒരേക്കറിൽ എഴുനൂറു വാഴ കൃഷി ചെയ്യാം. ശരാശരി പതിമൂന്നു കിലോ തൂക്കമുള്ള കുല ലഭിച്ചാൽ വിലയുള്ള സമയത്ത് 580 രൂപ ലഭിക്കും. ചെലവ് 180 രൂപയാണ് വരുന്നത്. ഒരു വാഴയ്ക്കു 30 രൂപയാണ് പാട്ടം.
രണ്ടാം വർഷം ഒരു ചുവടിൽ രണ്ട് വാഴക്കുഞ്ഞ് നിലനിർത്തും. ശരാശരി ഒമ്പതു കിലോയുള്ള കുലകൾ ഇതിൽനിന്നും ലഭിക്കും. രണ്ടാം വർഷത്തെ വാഴക്കൃഷി ലാഭകരമാണെന്നും ജെഫിൻ പറഞ്ഞു. മൂന്നേക്കറോളം സ്ഥലത്താണ് കപ്പക്കൃഷി നടത്തുന്നത്. കപ്പക്കൃഷിയിൽ ഒരേക്കറിന് 6,000 രൂപയാണ് ചെലവ്.
ഒരു ഏക്കറിൽ എണ്ണൂറു മുതൽ തൊള്ളായിരം മൂടു വരെ കപ്പ നടാം. ഒരു ഏക്കറിൽനിന്ന് മൂന്നു ടണ്‍ കപ്പ ലഭിക്കും. ഒരേക്കറിൽനിന്ന് ചെലവ് കഴിഞ്ഞ് 80,000 രൂപ ലഭിക്കും. കൃഷിയിൽ ഏറ്റവും ലാഭം കപ്പക്കൃഷിയാണെന്ന് ജെഫിൻ പറഞ്ഞു.
വീട്ടിൽ ജാതി, കമുക്, തെങ്ങ്, റബർ എന്നിവയുണ്ട്. പാലക്കാട് എട്ടേക്കറോളം സ്ഥലമുണ്ട്. റബർ, തെങ്ങ് എന്നിവയാണ് ഇവിടെ കൃഷി. 300 തെങ്ങും 550 റബറും ഇതിലുണ്ട്.
പാട്ടക്കൃഷിയും കൂട്ടുകൃഷിയും
കരിമണ്ണൂർ പഞ്ചായത്തിൽ സ്വന്തമായുള്ളതും പാട്ടത്തിനെടുത്തതുമായ 11 ഇടങ്ങളാണ് കൃഷി നടത്തുന്നത്. കർഷക കൂട്ടായ്മ രൂപീകരിച്ചും കപ്പയും വാഴയും കൃഷി ചെയ്യുന്നുണ്ട്. കൃഷിക്കൂട്ടം വഴി കൃഷി നടത്തിയാൽ കേന്ദ്ര-സംസ്ഥാന സർക്കാരുടെ കൂടുതൽ സഹായം ലഭിക്കുമെന്നും ജെഫിൻ പറഞ്ഞു.
ഇടുക്കി കുളമാവിൽ വാഴക്കൃഷി നടത്തിയപ്പോൾ കാറ്റുപിടിച്ച് വാഴ നശിച്ചിരുന്നു. കൃഷിവകുപ്പിൽനിന്ന് ദുരിതാശ്വാസം ലഭിച്ചതിനാൽ അധികം ബാധ്യത വരാതെ രക്ഷപ്പെട്ടു. ഒരുവിള മാത്രം കൃഷി ചെയ്യുന്പോഴാണ് കൃഷി നഷ്ടമാകുന്നത്. സമ്മിശ്ര കൃഷി നടത്തിയാൽ കൃഷി ഒരിക്കലും നഷ്ടമാകില്ല.
കൃഷി ചെയ്ത വിളകൾ വളരുന്പോഴും വിളവെടുക്കുന്പോഴും മനസിന് നല്ല സംതൃപ്തിയാണ് ലഭിക്കുന്നതെന്ന് ജെഫിൻ പറഞ്ഞു. അന്യനാട്ടിൽനിന്നുവരുന്ന വിഷമുള്ള പച്ചക്കറികൾക്കു പകരം സ്വന്തമായി ഉത്പാദിപ്പിക്കാമെന്ന ചിന്തയിൽനിന്നാണ് ഇദ്ദേഹം കൃഷിക്ക് ഇറങ്ങിയത്.
ജെഫിന്റെ കാർഷികരംഗത്തെ പ്രവർത്തനങ്ങളിൽ ഭാര്യ റീനും മക്കളായ അന്ന റോസും ആഗ്നസ് മരിയയും ഒപ്പമുണ്ട്.
ഫോണ്‍: 9947865115
Agriculture
ആറായിരം വർഷങ്ങൾക്ക് മുൻപുതന്നെ ഇന്ത്യയിൽ പ്ലാവു നട്ടു പരിപാലിച്ചിരുന്നതായാണ് പാരന്പര്യം. അശോക ചക്രവർത്തി ഫലവൃക്ഷങ്ങൾ പ്രചരിപ്പിച്ച ഇനങ്ങളിൽ പ്ലാവും ഉൾപ്പെട്ടിരുന്നുവത്രെ.
ആത്ത, ആഞ്ഞിലി, കടപ്ലാവ്, മൾബറി എന്നിവ ഉൾപ്പെടുന്ന മൊറാസീ കുടുംബത്തിൽപ്പെട്ട മരമാണ് പ്ലാവ്. ആർട്ടോകാർപസ് ഹെട്രോഫിലസ് എന്നാണ് ശാസ്ത്രനാമം. പ്ലാവുമായി കേരളത്തിന് അഭേദ്യമായ ബന്ധമുണ്ട്.
പുരയിടങ്ങളിൽ വളർത്താവുന്ന രാജവൃക്ഷമായി മലയാളികൾ കണ്ടിരുന്ന വൃക്ഷമാണ് പ്ലാവ്. തടിക്കു മാത്രമല്ല ചക്ക ഉത്തമ ഭക്ഷണവും പ്ലാവില മൃഗങ്ങൾക്ക് തീറ്റയുമാണ്.
പോർച്ചുഗീസുകാരുടെ വരവോടെ ചക്ക അവർക്ക് ജാക്ക് ആയി. അങ്ങനെ നമ്മുടെ ചക്ക ഹൊർത്തൂസ് മലബാറിക്കൂസ് എന്ന വിജ്ഞാനഗ്രന്ഥത്തിലും ഇടം നേടി. 1563ൽ ഗാർസിയ ഡി ഓർട്ട എന്ന ഡോക്ടറാണ് ചക്കയ്ക്ക് ജാക്ക്ഫ്രൂട്ട് എന്ന പേര് സമ്മാനിച്ചത്.
ബംഗാളിലും മലേഷ്യയിലുമൊക്കെ ഈസ്റ്റ് ഇന്ത്യാ കമ്പനിക്കുവേണ്ടി ജോലി ചെയ്തിരുന്ന സ്കോട്ടിഷ് സസ്യശാസ്ത്രജ്ഞനായ വില്യം ജാക്കിന്റെ സ്മരണാർഥമാണ് ജാക്ക്ഫ്രൂട്ട് എന്ന പേര് സമ്മാനിക്കപ്പെട്ടതെന്നും പാരന്പര്യമുണ്ട്.
കേരളത്തിന് ഇതു ചക്കയാണെങ്കിൽ ഇന്തൊനേഷ്യക്കാർക്ക് ഇത് നിങ്കയാണ്, ഫിലിപ്പീൻസുകാർക്ക് ലങ്ക്കയും. കേരളം പോലെ തമിഴ്നാടിന്റേയും ഔദ്യോഗിക ഫലമാണ് ചക്ക. പ്രകൃതി സമ്മാനിച്ച ഏറ്റവും വലിയ പഴവും ഇതുതന്നെ. ഇന്ത്യയുടെ പശ്ചിമഘട്ട മേഖലകളാണ് പ്ലാവിന്റെ ഉറവിടം.
ഇവിടെ നിന്നാണ് വിവിധ നാടുകളിലേക്കും കിഴക്കനേഷ്യൻ രാജ്യങ്ങളിലേക്കും ഈസ്റ്റ് ഇന്ത്യയിലേക്കും മധ്യ ആഫ്രിക്ക, കിഴക്കൻ ആഫ്രിക്ക എന്നിവിടങ്ങളിലേക്കും പ്ലാവ് കടന്നുചെന്നത്.
ബംഗ്ലാദേശ് മാത്രമാണ് ചക്ക ഔദ്യോഗിക ഫലമായ രാജ്യം. ശ്രീലങ്കയിൽ ഔദ്യോഗിക ഫലമല്ലങ്കിലും ജനങ്ങൾ കൂടുതൽ ഉപയോഗിക്കുന്ന ഫലവും പഴവുമാണ് ചക്ക.
കേരളത്തിലെ കുടുംബശ്രീ പോലെ ശ്രീലങ്കയിലും ബംഗ്ളാദേശിലും വനിതാ സ്വാശ്രയ സംഘങ്ങൾ ചക്ക മൂല്യവർധിത വിഭവങ്ങളാക്കി പണം സന്പാദിക്കുന്നു. ഇവർക്ക് ചക്ക സംസ്കരണം കുടിൽ വ്യവസായവുമാണ്.
ആ രാജ്യങ്ങളിൽ പ്ലാവ് നട്ടു വളർത്തുന്നതിൽ സർക്കാർ സാന്പത്തിക സഹായം നൽകുന്നു. പൊന്നു കായ്ക്കുന്ന മരമായി കണക്കാക്കി പ്ലാവ് വെട്ടി മാറ്റുന്നതിൽ നിയന്ത്രണവും വരുത്തിയിരിക്കുന്നു.
മ്യാൻമർ, മലേഷ്യ, ഇന്തോനേഷ്യ, ബ്രസീൽ, ആഫ്രിക്ക, കെനിയ, ഉഗാണ്ട , കംബോഡിയ, ലാവോസ്, തായ്ലാൻഡ്, സൗത്ത് ഫ്ളോറിഡ, വിയറ്റ്നാം എന്നിവിടങ്ങളിലെല്ലാം പ്ലാവ് വളർത്തി പണമുണ്ട ാക്കുന്നു.
രണ്ട ാം വർഷം ഫലം തരുന്ന സങ്കര ഇനം പ്ലാവുകൾ ഇവർ വികസിപ്പിച്ചതിനൊപ്പം വൻകിട തോട്ടങ്ങളായി വളർത്തുകയും ചെയ്യുന്നു. ഇന്ത്യയ്ക്ക് പ്ലാവുകളുടെ എണ്ണത്തിൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനമാണുള്ളത്.
30 കോടി മുതൽ 60 കോടി വരെ ചക്ക ഒരു വർഷം വിളയുന്ന കേരളത്തിൽ ഇതിന്റെ മൂന്നിൽ രണ്ടു ശതമാനവും പാഴായിപ്പോവുകയാണ്. കേരളത്തിന്റെ ഒൗദ്യോഗിക ഫലമായി പ്രഖ്യാപിച്ചപ്പെട്ട ചക്കയെ വാണിജ്യപരമായി ഉപയോഗപ്പെടുത്തിയാൽ 25,000 കോടിയിൽപരം രൂപയുടെ വരുമാനമുണ്ട ാക്കാൻ കഴിയും.
ഏറ്റവും വലിയ പഴം എന്ന നിലയിലും ചക്കയ്ക്ക് പ്രാധാന്യമേറെ. ഒരു വ്യക്തിക്കല്ല ഒരു കുടുംബത്തിനുള്ള ഭക്ഷണം ഒരേ വേളയിൽ നൽകാൻ കഴിയുന്ന ഫലമാണ് ചക്ക. ഭക്ഷണം, ഔഷധം, കാലിത്തീറ്റ, തടി, വിറക്, വളം, തണൽ, ഓക്സിജൻ, നീർത്തടസംരക്ഷണം എന്നിങ്ങനെ ഏറെ കാര്യങ്ങളിൽ പ്ലാവ് മനുഷ്യ ജീവിതത്തോടു ചേർന്നുനില്ക്കുന്നു.
ഇക്കാലത്ത് തായ്ലാൻഡും വിയറ്റ്നാമുമാണു പ്രധാന ചക്ക ഉത്പാപാദക രാജ്യങ്ങൾ. ചക്കയിൽ നിന്ന് നൂറിലേറെ ഉത്പന്നങ്ങൾ മൂല്യവർധിതമാക്കി വരുമാനമുണ്ടാക്കുന്ന രാജ്യങ്ങളാണിവ.
കാൻസർ ഉൾപ്പെടെ മരുന്നു ഗവേഷണത്തിലും ചക്കയുടെ സാധ്യതകളിൽ ഗവേഷണം നടത്തുകയാണ് ഇവർ. കേരളത്തിൽ എറണാകുളം ജില്ലയാണു ചക്കയുൽപാദനത്തിൽ ഒന്നാമതുള്ളത്.
കേരളത്തിൽനിന്ന് തമിഴ് നാട്ടിലേക്ക് സീസണിൽ വാങ്ങിക്കൊണ്ട ുപോകുന്ന ചക്കയും ഇടിച്ചക്കയും വിദേശരാജ്യങ്ങളിൽ വരെയാണ് വിറ്റഴിയുന്നത്. ഉഷ്ണമേഖല കാലാവസ്ഥയിലും മിത ഉഷ്ണമേഖല കാലാവസ്ഥയിലും വളരുന്ന വൃക്ഷമാണ് പ്ലാവ്. 27 ഡിഗ്രി വരെ ചൂടിനെ പ്രതിരോധിക്കും.
നൂറ് ഗ്രാം ചക്കയിൽ 95 കലോറിയും 0.6 ഗ്രാം ഫാറ്റും 23 ഗ്രാം കാർബോ ഹൈഡ്രേറ്റും 1 .7 ഗ്രാം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ജീവകങ്ങളും മൂലകങ്ങളും നാരുകളും അടങ്ങിയ പോഷകസന്പന്നമായ നാടൻ വിഭവമാണിത്.
ഇതിലെ പോഷകമൂല്യങ്ങളുടെ സാന്നിധ്യംമൂലം പല തരം ശൈലി രോഗങ്ങളെയും തടയും. ഭക്ഷ്യയോഗ്യമായ ചുളയിൽ 74 ശതമാനം വെള്ളമാണ്. 23 ശതമാനം അന്നജവും രണ്ടു ശതമാനം പ്രൊട്ടീനും ഒരു ശതമാനം കൊഴുപ്പുംമുണ്ട . 100 ഗ്രാം ചക്ക 95 കിലോ കലോറി ഊർജം സമ്മാനിക്കും.
പോഷകങ്ങളുടെ കലവറയാണ് ചക്ക. വൈറ്റമിൻ എ, വൈറ്റമിൻ സി, ബി കോംപ്ലക്സ് വൈറ്റമിൻ, ഫോളിക് ആസിഡ് ഉൾപ്പെടെയുള്ള പ്രധാന ഘടകങ്ങൾ. അയണ്‍, മഗ്നീഷിയം, പൊട്ടാസിയം, മാംഗനീസ് എന്നീ ധാതുക്കളും ചക്കയെ കൂടുതൽ ഗുണപ്രദമാക്കുന്നു.
കൊളസ്ട്രോളും അനാവശ്യ കൊഴുപ്പുകളും ഇല്ലേയില്ല. പ്രമേഹം നിയന്ത്രിക്കുന്നതിൽ ചക്ക ഏറെ ഉത്തമമാണ്. പഴുക്കാത്ത ചക്കയിൽ അടങ്ങിയിരിക്കുന്ന അധിക ഫൈബറുകളാണ് പ്രമേഹത്തിന് തടയിടുന്നത്.
ചക്കപ്പുഴുക്ക് അതുകൊണ്ടുതന്നെ പ്രമേഹ നിയന്ത്രണത്തിന് ഉത്തമമെന്ന് ഇതിനോടകം ശാസ്ത്രീയമായി തെളിയിച്ചിരിക്കുന്നു.
Agriculture
കപ്പല്‍ കയറിവന്നതുകൊണ്ടാകാം കേരളത്തിന്റെ ജനകീയ ഭക്ഷ്യ വിഭവത്തിന് കപ്പയെന്നു പേരു വന്നത്. സൗത്ത് അമേരിക്കയിലെ ബ്രസീലില്‍നിന്ന് തിരുവിതാംകൂറിലെത്തിയപ്പോള് ജനങ്ങള്‍ കപ്പയെ പൂളയെന്നും കൊള്ളിയെന്നും മരച്ചീനിയെന്നുമൊക്കെ പല പേരില്‍ വിളിച്ചു.
മാനിഹോട്ട് എസ്കുലാന്റ് ആണ് കപ്പയുടെ ശാസ്ത്രനാമം എന്നു പറഞ്ഞാല്‍ കപ്പ കൃഷി ചെയ്യുന്നവര്‍ക്കും കപ്പ തിന്നുന്നവര്ക്കുമൊന്നും മനസിലാകണമെന്നില്ല. എന്തായാലും അരിയ്ക്കു ക്ഷാമമുണ്ടായിരുന്ന കാലത്ത് കേരളീയരുടെ വിശപ്പകറ്റിയ വിഭവമാണ് കപ്പ.
പുതിയ തലമുറയ്ക്ക് കപ്പ പ്രിയം കുറഞ്ഞെങ്കിലും വിദേശങ്ങളും സ്റ്റാര്‍ ഹോട്ടലുകളിലും കപ്പ തീറ്റക്കാരുടെ എണ്ണം കൂടുകയാണ്. കേരളത്തില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ കപ്പ കൃഷി വിസ്തൃതിയില്‍ മുന്നേറ്റമുണ്ടെന്നത് കപ്പ പ്രതാപം തിരിച്ചുവരുന്നതിന്റെ സൂചനയാകാം.
തിരുവിതാകൂറില് ദാരിദ്യ്രമുണ്ടായിരുന്ന കാലത്ത് വിശാഖം തിരുനാള്‍ രാമവര്‍മ മഹാരാജാവാണ് മരച്ചീനി കൃഷി ആരംഭിച്ചതെന്നാണ് ചരിത്രം. വറുതിയുടെ ആക്കാലത്ത് തിയസോഫിക്കല്‍ സൊസൈറ്റിയുടെ ഉദ്ഘാടനത്തിനു കേണല്‍ ഓള്‍കോട്ട് എന്ന സായിപ്പ് തിരുവനന്തപുരത്ത് എത്തിയെന്നും ക്ഷാമം പരിഹരിക്കാന്‍ മരച്ചീനി കൃഷി ആരംഭിക്കാന്‍ ഓള്‍കോട്ട് മഹാരാജാവിനോടു നിര്‍ദേശിച്ചുവെന്നുമാണ് പാരമ്പര്യം.
രാജാവ് ആവശ്യപ്പെട്ടതനുസരിച്ച് ഓള്‍കോട്ട് ബ്രസീലില്‍ നിന്നു മരച്ചീനി കന്പ് എത്തിച്ച് തിരുവനന്തപുരത്ത് തരിശു കിടന്ന കുന്നില്‍ കപ്പ കന്പ് നട്ടു. 1883 ജൂലൈയിലായിരുന്നു ആ മഹാസംഭവം.
അന്നു കപ്പ നട്ട തരിശിടം ഇപ്പോള്‍ നഗരത്തില്‍ ജവാഹര്‍ നഗര്‍ എന്നറിയപ്പെടുന്നു. ജൂലൈയില്‍ മരച്ചീനി കൃഷി ആരംഭിച്ചതിന്റെ ഓര്മ പുതുക്കാനാണ് ജൂലൈ 31 മരച്ചീനിദിനം അഥവാ കപ്പ ദിനമായി ആചരിക്കുന്നത്.
അഞ്ചു വര്‍ഷമേ വിശാഖം തിരുനാള്‍ ഭരിച്ചുള്ളുവെങ്കിലും അഞ്ഞൂറാണ്ട് ഭരണത്തിന്റെ നേട്ടമാണ് കപ്പ സമ്മാനിച്ചത്. കപ്പ നാട്ടില്‍ നന്നായി വിളയുമെന്നു കണ്ടതോടെ മഹാരാജാവ് ബര്‍മ എന്ന മലയയില്‍ നിന്നു പുതിയ ഇനം മരച്ചീനികള് എത്തിച്ചു. അത്തരത്തില്‍ രുചിയിലും വിളവിലും തൂക്കത്തിലും വ്യത്യസ്തമായ ഒട്ടേറെ ഇനം കപ്പകള്‍ പല സ്ഥലങ്ങളില്‍ പ്രചരിച്ചു.
ഇന്നുള്ളതും കാലത്തിനു കൈമോശം വന്നതുമായ നൂറിനം കപ്പകള്‍ കേരളത്തിലുണ്ടായി എന്നതും കൗതുകം. വ്യക്തികളും കുടുംബങ്ങളുമൊക്കെ പലയിനം കപ്പകള്‍ വികസിപ്പിച്ചവരായുണ്ട്. ആമ്പക്കാടന്‍ തൊമ്മി, മുളമൂട്ടില്‍ കുടുംബം വക മുളമൂടന്‍ വെള്ള തുടങ്ങി പലയിനങ്ങള്‍.
മഹാരാജാവിനോടുള്ള കടപ്പാട് അറിയിച്ച് ശീവിശാഖം എന്ന ഒരിനം കപ്പയും കേരളത്തില്‍ പ്രചാരത്തിലുണ്ട്. കപ്പകൊണ്ട് എത്രയെത്ര വിഭവങ്ങള്‍ നാം കഴിക്കുന്നു.
ചെണ്ട ക്കപ്പ, കപ്പപ്പുഴക്ക് എന്നിവ കൂടാതെ ഉണക്കുകപ്പയും വെള്ളുകപ്പയും കപ്പ ചിപ്സുമൊക്കെ മലയാളിക്ക് പ്രിയം. കപ്പ പറിച്ച് അരിഞ്ഞു വാട്ടി ഉണക്കുന്ന കപ്പവാട്ട് വലിയൊരു കാര്‍ഷിക ഉത്സവമാണ്.
വാട്ടിയെടുത്ത കപ്പ നാലുണങ്ങിക്കഴിഞ്ഞാല് ആറേഴു മാസം വീട്ടില്‍ കരുതിവച്ച് വേവിക്കാം. കപ്പയും മീനും, കപ്പയും പോത്തും എന്നത് മലയാളികളുടെ രുചിക്കൂട്ടായി തലമുറകള്‍ ആസ്വദിക്കുന്നു. ലോകത്താകെ ആറായിരത്തിലധികം മരച്ചീനി ഇനങ്ങളുണ്ടെ ന്നാണ് കണക്ക്.
കൊളംബിയയില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍ദേശീയ ഉഷ്ണമേഖലാ കൃഷി കേന്ദ്രത്തിലാണ് ഇത്രയേറെ കപ്പ ഇനങ്ങള്‍ സംരക്ഷിച്ചിരിക്കുന്നത്. ഇന്ത്യയില്‍ മരച്ചീനിയുടെ അംഗീകൃത ജനിതകശേഖര സംഭരണി തിരുവനന്തപുരം സിടിസിആര്‍ഐ ആണ്.
രാജ്യത്തിനകത്തും പുറത്തുമുള്ള ആയിരത്തി മുന്നൂറിലധികം മരച്ചീനി ഇനങ്ങള്‍ ഇവിടെ സംരക്ഷിക്കുന്നുണ്ട്.
District News
തൊടുപുഴ: കുമാരമംഗലം പഞ്ചായത്ത് കൃഷിഭവനും മൃഗാശുപത്രിയും പുതുതായി പഞ്ചായത്ത് നിർമിച്ച കെട്ടിടസമുച്ചയത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. മൃഗാശുപത്രിയുടെ ഉദ്ഘാടനം പി.ജെ. ജോസഫ് എംഎൽഎയും കൃഷിഭവന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ഇന്ദു സുധാകരനും നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് സിബിൻ വർഗീസ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ ഷെമീന നാസർ, സാജൻ ചിമ്മിണിക്കാട്ട്, ഉഷ രാജശേഖരൻ, ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു ഷാജി, മെംബർമാരായ എസ്. ശരത് ബാബു, ജിന്റു ജേക്കബ്, ലൈല കരിം, എം.പി. സുനിത, മായ ദിനേശൻ, സുമേഷ് പാറച്ചാലിൽ, സജി ചെന്പകശേരി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടി.ജി. ആര്യാംബ, കൃഷി ഓഫീസർ അന്പിളി സദാനന്ദൻ, ഡോ. ഗ്ലാഡി എം. വെന്പിള്ളി എന്നിവർ പ്രസംഗിച്ചു.